
അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുവാഹാത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളേജ് മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ ഉൾപ്പെടെ ദേശീയ നേതാക്കൾ പങ്കെടുത്തു.
126 അംഗ അസം നിയമസഭയിൽ എൻഡിഎ സഖ്യം 102 സീറ്റുകൾ നേടിയാണ് തുടർച്ചയായി മൂന്നാം തവണയും അധികാരം ഉറപ്പിച്ചത്. ഇതിൽ ബിജെപി 82 സീറ്റുകൾ സ്വന്തമാക്കി. സഖ്യകക്ഷികളായ അസം ഗണ പരിഷത്തും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും 10 സീറ്റുകൾ വീതം നേടി.
മുഖ്യമന്ത്രിയോടൊപ്പം നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. അസം ഗണ പരിഷത്ത് അധ്യക്ഷനും ബോക്കാഖാട്ട് എംഎൽഎയുമായ അതുൽ ബോറ, ബിപിഎഫിന്റെ പ്രതിനിധിയായി ചരൺ ബോറോ, മുൻ കേന്ദ്രമന്ത്രിയും ചായത്തോട്ടം തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള നേതാവുമായ രാമേശ്വർ തേലി, അസമിലെ ആദ്യ വനിതാ ധനമന്ത്രിയും ഗോലാഘട്ട് എംഎൽഎയുമായ അജന്ത നിയോഗ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.










